തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛന്‍ മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുന്നത്തുമല സ്വദേശി മനോജിനെയാണ് അച്ഛന്‍ വിജയന്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിജയന്‍ സമീപത്തെ വനംവകുപ്പ് ക്വാര്‍ട്ടേഴ്സിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് നെയ്യാര്‍ ഡാം പോലീസിന് കൈമാറി.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മനോജും അച്ഛന്‍ വിജയനും സ്ഥിരം മദ്യപാനികളാണെന്നാണ് വിവരം. വസ്തുതര്‍ക്കത്തെച്ചൊല്ലി ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. തുടര്‍ന്നാണ് വഴക്കിനിടെ കറിക്കത്തി കൊണ്ട് അച്ഛന്‍ മകനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വനമേഖലയിലാണ് ഇവരുടെ വീടെന്നതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകി. പിന്നീട് വിജയന്‍ സമീപത്തെ വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്സിലെത്തി സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവസമയത്ത് വിജയന്റെ ഭാര്യയും മറ്റൊരു മകനും വീട്ടിലുണ്ടായിരുന്നു.