മലപ്പുറം: തിരൂരങ്ങാടിയില്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ കര്‍ശന നടപടിയുമായി റവന്യൂ അധികൃതര്‍. മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

തിരൂരങ്ങാടി സ്വദേശി 78 കാരിയായ തണ്ടാശ്ശേരി വീട്ടില്‍ രാധയെയാണ് മകന്‍ സുരേഷ് കുമാര്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. തുടര്‍ന്ന് രാധ ആര്‍.ഡി. ഒ യെ സമീപിക്കുകയായിരുന്നു.2021-ല്‍ ആര്‍.ഡി.ഒ അമ്മക്ക് അനുകൂലമായി അമ്പലപ്പടിയിലെ വീട്ടില്‍ താമസിക്കാന്‍ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാ കലക്ടറെ സമീപിച്ചു.

2023-ല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവിറക്കി. തുടര്‍ന്ന് മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 2025-ല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഇതോടെ ഏപ്രില്‍ 28-ന് തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ച് അഞ്ച് ദിവസത്തെ സമയം അനുവദിച്ചു മടങ്ങിയതായിരുന്നു.

എന്നാല്‍ കുടുംബം വീട്ടില്‍ നിന്ന് മാറാന്‍ തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വീട്ടിലെത്തി.വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന രാധയുടെ പേരമകള്‍ വാതില്‍ തുറക്കാന്‍ തെയ്യാറായില്ല.ഇതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്താക്കിയ ശേഷമാണ് അമ്മയെ വീട്ടിലേക്ക് കയറ്റിയത്.