തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത സ്മൃതി 2025 ഇന്നും നാളെയും സഭാ ആസ്ഥാനത്തെ മാര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ന് രാവിലെ ആറിന് ബിലിവേഴ്സ് സെന്റ് തോമസ് കത്തീഡ്രലില്‍ കുര്‍ബാന. തുടര്‍ന്ന് ധൂപ പ്രാര്‍ ഥന. 10.30ന് 'സ്മൃതി 2025' ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ സാമുവല്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയാകും. ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണവും മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ പ്രഭാഷണവും നടത്തും. വിവിധ സഭയിലെ ബിഷപ്പുമാര്‍ പ്രസംഗിക്കും.

വൈകിട്ട് 4.30ന് ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനവും മാഗസിന്റെ പ്രകാശനവും ജോസ് കെ.മാ ണി എംപി നിര്‍വഹിക്കും. അഞ്ചിന് അനുസ്മരണ പ്രഭാഷണം നടക്കും. രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാര്‍ സാമുവല്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഡോ.സിറിയക് തോമസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

നാളെ വൈകിട്ട് അഞ്ചിന് മാര്‍ അത്തനേഷ്യസ് യോഹാന്‍ കാരുണ്യ സ്മൃതി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ സാമുവല്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്‌കോളര്‍ഷിപ് പദ്ധതികളുടെ ഉദ്ഘാടനം ക്നാനായ സമുദായ വലിയ മെത്രാ പ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയേസും വിധവകള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം കല്‍ദായ ആര്‍ച്ച് ബിഷപ്പ് ഔഗിന്‍ മാര്‍ കുര്യാക്കോസും നിര്‍വഹിക്കും.