കണ്ണൂര്‍ : നവകേരളത്തിനായി ഇടതുബദല്‍ തുടരുമെന്ന സന്ദേശവുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികള്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനെതിരെ നമ്മുടെ അയല്‍ രാജ്യം നടത്തി കൊണ്ടിരിക്കുന്ന ഒളിയുദ്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാ നാലാം വാര്‍ഷികാഘോഷം നടത്തുന്നത് ഔചിത്യമാണോയെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതു പരിഗണിച്ചു കൊണ്ടാണ് ഇനി നടക്കേണ്ട ആറു ജില്ലകളിലെ വാര്‍ഷികാഘോഷം റദ്ദാക്കിയത്. ഇതു മറ്റൊരു അവസരത്തില്‍ നടത്തും. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശന മേളകള്‍ നടക്കും.

എന്നാല്‍ കലാപരിപാടികള്‍ ഒഴിവാക്കും. എല്‍.ഡി.എഫ് വാര്‍ഷികാഘോഷം മാറ്റി വയ്ക്കും. ഈ കാര്യം എല്‍.ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കും. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനായി നാം ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടമാണിത്. മറ്റെല്ലാം മറന്നു കൊണ്ടു എല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് നാം രാജ്യത്തിന്റെ പോരാട്ടത്തിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംവി ഗോവിന്ദന്‍ എം.എല്‍ എ , ഇ പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍, കെ.പി മോഹനന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.