പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിലെ പ്രതി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി 15 വര്‍ഷം മുന്‍പ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കി. 2010ല്‍ നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അതിജീവിതയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകള്‍ 9,10 ക്ലാസുകളില്‍ പഠിച്ചിരുന്ന കാലത്ത് പ്രതി വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചിരുന്നെന്ന പരാതിയില്‍ ആറന്മുള പൊലീസ് കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇപ്പോള്‍ കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരിക്കുന്നത് 2010ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ്. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയാണു കേസില്‍ രണ്ടാം പ്രതി. പരാതിക്കാരിയെ എറണാകുളത്തെത്തിച്ച് ഒന്നാം പ്രതിക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണു ഇവര്‍ക്കെതിരായ പരാതി. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ രണ്ടാം പ്രതി 12 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും പരാതിക്കാരിയുടെ മൊഴിയുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു പരാതിക്കാരി. മകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭര്‍ത്താവിന്റെ സഹോദരി ഈ കുട്ടിയെയും പീഡിപ്പിക്കാന്‍ പ്രതിക്ക് അവസരമൊരുക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.