തിരുവനന്തപുരം: ഇന്ത്യ പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നല്‍കി കേരളത്തിലും മഹാറാലികള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രതിപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും റാലികള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോള്‍ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം

കുറിപ്പിന്റെ പൂര്‍ണരൂപം

പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്നത് നീചവും നിന്ദ്യവുമായ ആക്രമണങ്ങളാണ്. യാത്രാവിമാനങ്ങളെ മറയാക്കി ഇന്ത്യയെ ആക്രമിക്കുന്നു. ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളും അക്രമിച്ചു. വര്‍ഗീയ സ്പര്‍ധയുണ്ടാക്കാനുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുന്നു. ശക്തമായ മറുപടി രാജ്യം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ മിലിറ്ററി സ്ട്രക്ച്ചറുകള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രാജ്യം മുഴുവന്‍ നമ്മുടെ സൈന്യത്തിനും രാഷ്ട്രത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാറാലികള്‍ നടത്തുകയാണ്. പ്രതിപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും റാലികള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ ഭാരതം ഒന്നിച്ചു നില്‍ക്കുമെന്ന ശക്തമായ സന്ദേശമാണിത്. സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നല്‍കി കേരളത്തിലും മഹാറാലികള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോള്‍ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കട്ടെ. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടും.