പത്തനംതിട്ട: വയോധികനെ ശരീരത്ത് പരുക്കുകളോടെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈക്കിളില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. കുമ്പളത്താമണ്‍ ചരിവുകാലായില്‍ ജയ്സിങ് (68) ആണ് മരിച്ചത്. മൃതദേഹത്തിന് അരികില്‍ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളും കണ്ടെത്തി. വടശേരിക്കര മനോരമ ജങ്ഷനില്‍ നിന്നുളള റോഡില്‍ കുമ്പളത്താമണ്‍ ജങ്ഷന് സമീപം താഴ്ചയിലേക്ക് സൈക്കിള്‍ മറിഞ്ഞാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് നാലു മണിയോടെ ഇതു വഴി പോയവര്‍ സൈക്കിള്‍ മറിഞ്ഞു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ ജയ്സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയില്‍ പോയി സാധനം വാങ്ങി വരുന്ന വഴിയാണ് അപകടം. ഇദ്ദേഹം വീണ ഭാഗത്ത് ധാരാളം പാറക്കല്ലുകള്‍ ഉണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ കല്ലില്‍ തലയിടിച്ച് മരിച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മുഖത്താകമാനം പരുക്കുണ്ട്. മൃതദേഹം പോലീസെത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മലയാലപ്പുഴ എസ്.എച്ച്.ഓ കെ.എസ്. വിജയന്‍ പറഞ്ഞു.