കാസര്‍ഗോഡ്: പ്രദേശത്തെ ക്ഷേത്ര ഉത്സവ പരിപാടികളില്‍ ഇസ്ലാംമത വിശ്വാസിയായ സ്ഥലം എംഎല്‍എ പങ്കെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ച ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിവാദത്തില്‍. ട്രാവല്‍സ് ഉടമയായ കാസര്‍കോട് കൊല്യ സ്വദേശിയായ അയ്യപ്പ നായക് പ്രതിഷേധം ഉയര്‍ത്തിയത്. അതിനിടെ ഇയാള്‍ സ്ത്രീ പീഡന പരാതിയില്‍ അറസ്റ്റിലായി.

യുവതി നല്‍കിയ പീഡന പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. സെക്ഷന്‍ 354 പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാസമാണ് പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കവെ പ്രതിഷേധം ഉയര്‍ത്തിയത്. ക്ഷേത്രത്തിനു പുറത്തുള്ള പൊതുപരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പങ്കെടുക്കുന്നതിലായിരുന്നു എതിര്‍പ്പ് ഉന്നയിച്ചത്.

കര്‍ണാടകയില്‍ നിന്നും കേരളത്തില്‍നിന്ന് നിരവധി ജനപ്രതിനിധികള്‍ പങ്കെടുത്തിട്ടും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പങ്കെടുക്കുന്നതിനെ ഒരുവിഭാഗം എതിര്‍ത്തത് വലിയ വിവാദമായിരുന്നു. ഉത്സവമായി ബന്ധപ്പെട്ട പരിപാടികള്‍ വിശദീകരിക്കുന്ന സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭാരവാഹികള്‍ തയ്യാറായില്ല.

മണ്ഡലം എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ ക്ഷണിക്കുന്നതിന് എതിര്‍പ്പുമായി രംഗത്തെത്തിയത് അയ്യപ്പന്‍ നായക്കും ഇയാളെ പിന്തുണക്കുന്ന രണ്ടംഗ സംഘവുമാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇതിനിടെയാണ് അയ്യപ്പന്‍ നായകിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ പോലീസ് നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.