മൂന്നാര്‍: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും ഓണ്‍ലൈനായി ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചെറുവാടി തെനയങ്കല്‍പറമ്പില്‍ എ. ഷെഫിന്‍ (28)ആണ് അറസ്റ്റിലായത്. ദുബായില്‍ നിന്നും എത്തിയ ഇയാളെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അറസ്റ്റുചെയ്തത്. മൂന്നാര്‍ സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയെ കബളിപ്പിച്ച് പലതവണയായി് 8,31,865 രൂപ തട്ടിയെടുക്കുക ആയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. 2024 ഫെബ്രുവരി രണ്ടുമുതല്‍ 17 വരെയുള്ള കാലയളവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വിവിധ ലിങ്കുകള്‍ അയച്ചു നല്‍കി പണം നിക്ഷേപിക്കാനാവശ്യപ്പെട്ടു. ചെറിയ ടാസ്‌കുകളും നല്‍കി. ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ഇരട്ടി പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പലതവണയായി യുവതി പണം നല്‍കി. ഇയാള്‍ നല്‍കിയ വെബ്‌സൈറ്റിലുള്ള യുവതിയുടെ അക്കൗണ്ടില്‍ ലാഭം വര്‍ധിക്കുന്നതായി കാണിച്ചിരുന്നു. ഈ പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് യുവതി കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായത്. പിന്നീട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പരാതി നല്‍കി. യുവതി കടം വാങ്ങിയാണ് പണം നല്‍കിയത്.

ദുബായില്‍ ഇരുന്നാണ് പ്രതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പലതവണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി പിന്നീട് കുഴല്‍പ്പണമായി നാട്ടിലേക്ക് കടത്താനാണ് യുവാവ് ഉദ്ദേശിച്ചിരുന്നത്. ലഭിച്ച പണത്തില്‍നിന്ന് അഞ്ചുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റുചെയ്തത്. മൂന്നാര്‍ എസ്‌ഐ ബിനു ആന്‍ഡ്രൂസ്, സിപിഒമാരായ കെ.വി. ഷിജു, റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.