കണ്ണൂര്‍: മണിപ്പുര്‍ കലാപക്കേസ് പ്രതിയായ ഇംഫാല്‍ സ്വദേശിയെ തലശ്ശേരിയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത് ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലെത്തി. തലശ്ശേരിയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന രാജ്കുമാര്‍ മൈപാക്‌സനയാണ് പിടിയിലായത്. ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ മഴക്കാലരോഗങ്ങള്‍ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാര്‍കാര്‍ഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായെന്നറിഞ്ഞപ്പോള്‍ ഭാവമാറ്റമില്ലാതെ രാജ്കുമാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു. നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ (യുഎന്‍എല്‍എഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാര്‍ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തില്‍ പ്രത്യേക രീതിയില്‍ പച്ചകുത്തിയത് എന്‍ഐഎക്ക് തിരിച്ചറിയല്‍ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു.

രാജ്കുമാറില്‍നിന്ന് എന്‍ഐഎ വ്യാജ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തതായാണ് വിവരം. തിരൂരില്‍നിന്ന് അതുപയോഗിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെയാണ് ഹോട്ടല്‍ ജോലിക്ക് ആളെ വേണമെന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ടതും തലശ്ശേരിയിലേക്ക് നീങ്ങിയതും. തലശ്ശേരിയിലെ ഒരു ഹോട്ടല്‍ തൊഴിലാളികളെ തേടി സാമൂഹികമാധ്യമങ്ങളില്‍ ആഴ്ചകള്‍ക്ക് മുന്‍പ് പരസ്യം നല്‍കിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാല്‍ ജോലിക്കെടുത്തവരില്‍ അധികവും മണിപ്പുരില്‍നിന്നുള്ളവരാണ്.

നാലുദിവസം മുന്‍പാണ് രാജ്കുമാര്‍ തൊഴിലിനായി ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു. തലശ്ശേരിയിലെത്തി ആധാര്‍ വിവരങ്ങള്‍ കൈമാറി മൂന്നുദിവസം നന്നായി ജോലിചെയ്തു. അധികമാരോടും സംസാരിക്കാതെ ജോലിചെയ്തിരുന്ന അയാള്‍ക്ക് ഇതുപോലൊരു ചരിത്രമുണ്ടെന്ന് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

രണ്ടുവര്‍ഷമായി തുടരുന്ന മണിപ്പുര്‍ സംഘര്‍ഷത്തിലെ പ്രതിയെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ കേരള പോലീസിനുപോലും വിവരം കൈമാറാതെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം കേരളത്തിലെത്തിയ ഇയാള്‍ വിവിധ ജില്ലകളില്‍ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്. ഇംഫാലില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.