കോഴിക്കോട്: ഫറോക്കില്‍ ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് ആരോപണം.

മേയ് 22 ന് പ്രസവത്തിന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോളാണ് അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തിയത്. ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയിലും കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞു.

പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ശേഷം കുഞ്ഞ് മരിച്ചതായി അറിയിക്കുകയുമായിരുന്നു. ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ ആരും എത്തിയില്ലെന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.