പത്തനംതിട്ട: ആഗോളതാപനം കേരളത്തിലുള്‍പ്പെടെ സ്ത്രീകളുടെ ഗര്‍ഭകാല ആരോഗ്യത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു പൂര്‍ണവളര്‍ച്ചയെത്താതെയുള്ള പ്രസവം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിവിലും ഉഷ്ണം വര്‍ധിച്ച സിക്കിമും ഗോവയും കേരളവും ആണ് ഇന്ത്യയില്‍ ഈ പട്ടികയില്‍ മുന്നില്‍. സിക്കിമില്‍ വര്‍ഷം 32 ദിവസവും ഗോവയില്‍ 24 ദിവസവും കേരളത്തില്‍ 18 ദിവസവും ഗര്‍ഭിണികള്‍ക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുന്നു.

ആഗോള കാലാവസ്ഥാമാറ്റ പഠന ഏജന്‍സിയായ ക്ലൈമറ്റ് സെന്‍ട്രലിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ഏഷ്യയിലും ആഫ്രിക്കയിലുമാണു വെല്ലുവിളിയേറെയെന്ന് വിവിധ രാജ്യങ്ങളിലെ 940 നഗരങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. നഗരങ്ങളില്‍ ഗോവയിലെ പനജിയിലാണു ഗര്‍ഭിണികള്‍ക്ക് അസഹ്യമായ ചൂടുള്ള ദിനങ്ങള്‍ കൂടുതല്‍ 39. തിരുവനന്തപുരമാണു തൊട്ടുപിന്നില്‍ 36. മുംബൈ 26. ആഗോളതാപനം ഗര്‍ഭസ്ഥരെയും നവജാതശിശുക്കളെയും ബാധിക്കുന്ന പൊതുജനാരോഗ്യപ്രശ്‌നമായി കണ്ട് നയങ്ങള്‍ രൂപീകരിക്കണമെന്നു പഠനം നിര്‍ദേശിക്കുന്നു. കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു പ്രധാനം.

ഒരു പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട ഉയര്‍ന്ന ശരാശരി താപനിലയെ മറികടന്ന് തീവ്രതാപമുള്ള ഏതാനും ദിനങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് ആഗോളതാപനത്തിലെ പുതിയ പ്രവണത. ഈ ദിവസങ്ങളിലെ ചൂട് ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുക്കളെയും ദോഷകരമായി ബാധിക്കും. ദീര്‍ഘകാല ശരാശരിയെയും പുതിയ റെക്കോര്‍ഡ് താപനിലയെയും താരതമ്യം ചെയ്യുന്ന ക്ലൈമറ്റ് ഷിഫ്റ്റ് ഇന്‍ഡക്‌സ് എന്ന ഗണിതവാക്യമാണ് തീവ്ര താപദിനങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്.