തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പോലീസുകാരുമായി സംഘര്‍ഷവും വാക്കേറ്റവും ഉണ്ടാകുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. റോഡ് തകരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയായി മാറുന്നുണ്ട്.

കോഹിനൂരിലെ കരാര്‍ കമ്പനി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഓഫീസിന്റെ അകത്തും പുറത്തുമുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു. അബിന്‍വര്‍ക്കി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. ഇവിടം കഴിഞ്ഞദിവസം യുഡിഎഫ് നേതാക്കളും വന്ന് കണ്ടിരുന്നു. ശക്തമായ പ്രതിഷേധം നടത്തുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയില്‍ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ കുപ്പത്ത് നാട്ടുകാരാണ് പ്രതിഷേധവുമായി എത്തിയത്.