കൊല്ലം: കൊല്ലം അര്‍ക്കന്നൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഗവ. കോളജ് അസി പ്രഫസറും അഞ്ചല്‍ പുത്തയം കരുകോണ്‍ വില്ലികുളത്ത് വീട്ടില്‍ എസ്. അസ്ഹറിന്റെ മകനുമായ മുഹമ്മദ് നിഹാല്‍ (17) ആണ് മരിച്ചത്. ആയൂര്‍ ജവഹര്‍ എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ഥിയായ നിഹാല്‍ എസ്.ഐ.ഒ പ്രവര്‍ത്തകനാണ്.

സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടര്‍ന്ന് പുഴ കാണാനായി പോകുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജമാഅത്തെ ഇസ്‌ലാമി കണ്ണങ്കോടു ഹല്‍ഖ നാസിമാണ് പിതാവ് അസ്ഹര്‍. മാതാവ്: സുല്‍ഫത്ത്. സഹോദരങ്ങള്‍: നൗറിന്‍, നൂഹ മറിയം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുത്തയം മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.