കൊച്ചി: എറണാകുളം തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തില്‍ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്‍. സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടി സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം. കുഞ്ഞിന് നേരെ ഉണ്ടായ ക്രൂരതയെ ശക്തമായി കമ്മീഷന്‍ അപലപിച്ചു.

മൂന്ന് ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നമില്ലെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃവീട്ടുകാരുടെ ഒറ്റപ്പെടുത്തലിലെ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം. കുഞ്ഞിനെ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ അമ്മയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി

ഇവര്‍ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികള്‍ പൊലീസ് തള്ളി. കൊലപാതകം പീഡനവും തമ്മില്‍ ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ നിലവില്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോക്‌സോ കേസില്‍ റിമാന്‍ഡില്‍ ഉള്ള പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.