തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് യുവാക്കളുടെ ഹണിട്രാപ്പ്. യുവതിയെ ഉപയോഗിച്ച് കാട്ടാക്കട സ്വദേശിയെ ആണ് യുവാക്കളുടെ സംഘം ഹണിട്രാപ്പില്‍ കുടുക്കിയത്. ശേഷം യുവാവിന്റെ ആഡംബര കാറും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തു. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര സ്വദേശി കാര്‍ത്തിക്, പേയാട് സ്വദേശി അര്‍ഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട സ്വദേശിയുടെ ഔഡി കാറും പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പ്രതികള്‍ തട്ടിയെടുത്തത്. യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയാണ് കാറും പണവും സ്വര്‍ണവും തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ടത്.