മലപ്പുറം: ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് ജീവനക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ഹാജിയാര്‍പ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അജ്‌നാസ് (23) ആണ് മരിച്ചത്. അജ്‌നാസ് ജോലി ചെയ്യുന്ന ഹാജിയാര്‍പ്പള്ളി അമ്പായത്തോടില്‍ പ്രവര്‍ത്തിക്കുന്ന മില്ലില്‍ ലിഫ്റ്റിന്റെ ഇരുമ്പുകയര്‍ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു.

ബുധനാഴ്ച രാത്രി പത്തിന് അരിച്ചാക്കുകള്‍നിറച്ച് ലിഫ്റ്റ് ഉയര്‍ത്തുന്നതിനിടെയായിരുന്നു അപകടം. പത്ത് മീറ്ററോളം ഉയരത്തില്‍നിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്. ആദ്യം മലപ്പുറത്തെയും പിന്നീട് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരിച്ചു.

മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനില്‍ കബറടക്കി. അസ്വാഭാവിക മരണത്തിന് മലപ്പുറം പോലീസ് കേസെടുത്തു. മാതാവ്: റസിയ. സഹോദരങ്ങള്‍: അംജത യാസ്മിന്‍, അംന.