കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി കെ ഡി പ്രതാപന്റ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇ ഡി കേസില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. നേരത്തെ കലൂര്‍ പിഎംഎല്‍എ കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു. ഓഗസ്റ്റ് 31നാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. 1651.65 കോടിയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 37 പേരാണ് പ്രതികള്‍. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ കൂടാതെ 15 പ്രൊമോട്ടര്‍മാരും പ്രതികളാണ്.

റീത്ത, റിയാസ്, സിന്ധു പ്രകാശ്, ദിലീപ് ഷാജു, ടി പി അനില്‍കുമാര്‍, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാര്‍, അമ്പിളി എബ്രഹാം, പി ഗംഗാധരന്‍, വി എ സമീര്‍, ടി ജെ ജിനില്‍, ടി എം കനകരാജ്, എം ബഷീര്‍, പി ലക്ഷ്മണന്‍, ഷമീന, മുനവര്‍, പ്രശാന്ത് പി നായര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ച്ആര്‍ ക്രിപ്റ്റോ, എച്ച്ആര്‍ഒടിടി എന്നിങ്ങനെ വിവിധ പദ്ധതികളിലായി ജനങ്ങളില്‍നിന്ന് നിക്ഷേപം ശേഖരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. സ്വരൂപിച്ച പണം മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചതായും കണ്ടെത്തി. മറ്റ് പ്രൊമോട്ടര്‍മാര്‍ക്കെതിരെ ഇഡി അന്വേഷണം തുടരും. പ്രതികളുടെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര-ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെ 244.03 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ഇതുള്‍പ്പെടെ 277 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.