തിരുവവന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ സ്ഥലമാക്കരുതെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. വിഷയത്തില്‍ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭ പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു ഇടം വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും അത് അസംബന്ധമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.