തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമല്ലെന്നും അത്തരമൊരു പരാതി വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നും കെ എസ് ഇ ബി. തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്നും കെ എസ് ഇ ബിയുടെ പ്രതികരണം.

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ എന്നും കെ എസ് ഇ ബി വ്യക്തമാക്കി.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാന്‍ കഴിയും. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും കെ എസ് ഇ ബി അറിയിച്ചു.

ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോണ്‍ നമ്പര്‍ ചുവടെ-

വൈദ്യുതി ഭവന്‍, തിരുവനന്തപുരം- 0471 -2444554

തിരുവനന്തപുരം 9446008154, 8155

കൊല്ലം 9446008480, 8481

പത്തനംതിട്ട (തിരുവല്ല) 9446008484, 8485

ആലപ്പുഴ 9496018592, 18623

കോട്ടയം 9446008156, 8157

ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165

എറണാകുളം 9446008160, 8161

തൃശ്ശൂര്‍ 9446008482, 8483

പാലക്കാട് 9446008162, 8163

മലപ്പുറം 9446008486, 8487

കോഴിക്കോട് 9446008168, 8169

വയനാട് (കല്‍പ്പറ്റ) 9446008170, 8171

കണ്ണൂര്‍ 9446008488, 8489

കാസര്‍കോട് 9446008172, 8173

കോള്‍ സെന്റര്‍ നം: 1912, 9496 01 01 01 (കോള്‍ & വാട്സാപ്)