തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുമെന്നതിനാല്‍ കാറ്റിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഇടവേളയ്ക്കു ശേഷം ഇന്നു മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.

19 വരെ എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ മഴ ലഭിക്കും. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്. 12ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്.