മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 'ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം'ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. 300 മൊബൈല്‍ ഹോള്‍ഡറുകള്‍ ഒരുക്കുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്. ക്യാന്‍വാസ്/കട്ടിയുള്ള തുണിയിലാണ് ഹോള്‍ഡര്‍ നിര്‍മിക്കേണ്ടത്. 10 മൊബൈല്‍ ഫോണുകളെങ്കിലും സൂക്ഷിക്കാന്‍ സൗകര്യമുള്ളതും ചുമരില്‍ തൂക്കിയിടാന്‍ സാധിക്കുന്നവയുമാകണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.