ആലപ്പുഴ: താമരക്കുളത്ത് പന്നിക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് താമരക്കുളം പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. പഞ്ചായത്തിന്റെ അനാസ്ഥ ആരോപിച്ചാണ് ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. മരിച്ച കര്‍ഷകന്‍ ശിവന്‍കുട്ടി കെ പിള്ളയുടെ സംസ്‌കാരം നാളെയാണ് നടക്കുക.

ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്ന സമയത്തായിരുന്നു മറ്റൊരാളുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ശിവന്‍കുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണില്‍ വിളിച്ചിട്ട് ശിവന്‍കുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷകന്റെ മരണത്തിനിടയാക്കിയ വൈദ്യുത പന്നിക്കെണി വെച്ച ജോണ്‍സണ്‍ നൂറനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ജോണ്‍സണിനെതിരെ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.