കൊച്ചി: 'വാന്‍ഹായ് 503' കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് വെള്ളം കയറുന്നത് ആശങ്കയാകുന്നു. കപ്പല്‍ 30 സെന്റിമീറ്റര്‍ കൂടി ചെരിഞ്ഞു. വെള്ളം കയറുന്ന തോത് ഇനിയും കൂടിയാല്‍ കപ്പല്‍ മുങ്ങിയേക്കാമെന്ന സൂചനയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കുന്നത്. ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച കപ്പലാണ് ഇത്.

കപ്പല്‍ ഇന്ത്യന്‍ എക്സ്‌ക്യൂസീവ് ഇക്കണോമിക് സോണിന് പുറത്തേക്ക് മാറ്റണമെന്നാണ് ഡിജിഎസിന്റെ നിര്‍ദേശം. ഇന്ത്യന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ വലിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യംവയ്ക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ ഈ നിര്‍ദേശം നടപ്പിലാക്കിയേക്കും. എന്‍ജിന്‍ റൂം, ഡൈവിംഗ് സാഹചര്യം എന്നിവ ആശ്രയിച്ചായിരിക്കും ഇത്.

ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പല്‍ നീക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. പാരിസ്ഥിതിക അനുമതികളും സുരക്ഷാ പ്രോട്ടോക്കോളും അനുസരിച്ചാകും തുടര്‍നടപടികള്‍.