കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍,എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി

ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (27)ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

തൃശ്ശൂര്‍

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 27) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

എറണാകുളം

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം

മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2025 ജൂണ്‍ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.