ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ അശോക ലോട്ടറി ഏജന്‍സിയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കരുണാപുരം കട്ടേക്കാനം ഷാജി രഘു (50) ആണ് മോഷ്ടാവ്. പണവും ലോട്ടറിയും മോഷണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

തിങ്കളാഴ്ച രാത്രി 12-ന് താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. തുടര്‍ന്ന് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷ്ടിച്ചു. മുഖം മറച്ചും കൈയ്യുറ ധരിച്ചുമാണ് മോഷണം നടത്തിയത്. എന്നാല്‍, പുറത്തിറങ്ങിയ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി യില്‍ പതിയുകയായിരുന്നു. പ്രതിയെ ലോട്ടറി ഏജന്‍സിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.