- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവാരകുണ്ട് പാന്ത്രയില്‍ സുല്‍ത്താന എസ് വളവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി; ഭീതി മാറിയ ആശ്വാസത്തില്‍ നാട്ടുകാര്‍
നിലമ്പൂര്‍ : നരഭോജി കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കടുവ കുടുങ്ങി. കരുവാരകുണ്ട് പാന്ത്രയില്‍ സുല്‍ത്താന എസ് വളവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് കടുവ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മാസം15 ന് രാവിലെ ഏഴ് മണിയോടെ കടുവയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല സ്വദ്ദേശി ഗഫൂറലി കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് അധികൃതരും ആര്‍ആര്‍ടി അംഗങ്ങളും ചേര്‍ന്ന് വനഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയും കടുവയെ പിടികൂടുന്നതിനായി മഞ്ഞള്‍പ്പാറ സുല്‍ത്താന എസ്സ്‌റ്റേറ്റിലും, കേരള കുനിയന്‍മാട് സി വണ്‍ ഡിവിഷനിലും കൂടുകള്‍ സ്ഥാപിച്ചിരുന്നു.
ഒന്നരമാസത്തോളമായി കടുവക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു. അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.