കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് വീണ് അപകടം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.

അപകടത്തില്‍ കോഴിക്കോട് ചെലവൂര്‍ സ്വദേശി അല്‍ഭുതകരമായി രക്ഷപ്പെട്ടു. അബ്ദുറഹ്‌മാന്‍ ഗുരിക്കള്‍ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചില്‍ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്‌മാന്‍. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാള്‍ വിശ്രമിക്കാനായി എത്താറുള്ളത്. എന്നാല്‍ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാള്‍ പോയതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപെട്ടത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.