വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ച അണലിയുമായി മല്ലിടുന്നതിനിടയിലാണ് ജാന്‍സി എന്ന നായക്ക് കടിയേറ്റത്. അണലിയെ തുരത്തിയെങ്കിലും ജാന്‍സിക്ക് അണലിയുടെ കടിയേറ്റു. ജീവിതത്തിനും മരണത്തിനും ഇടയില്‍ ദിവസങ്ങളോളം ആശുപത്രിയിലായി. ഒടുവില്‍ ഹീമോ ഡയാലിസിസിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ഒന്‍പതു വയസ്സുകാരിയായ ജാന്‍സി.

കുണ്ടന്നൂര്‍ വികാസ് നഗര്‍ ചക്കിട്ടപ്പറമ്പില്‍ വിഷ്ണുവിന്റെ വീട്ടിലെ വളര്‍ത്തുനായ ആണ് ജാന്‍സി. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അണലിയെ കണ്ട ജാന്‍സി ഉടനെതന്നെ കടിച്ചു കുടയുകയായിരുന്നു. അതിനിടെയാണ് ജാന്‍സിക്ക് അണലിയുടെ കടിയേറ്റത്. സംഭവം നടന്ന ഉടന്‍തന്നെ ജാന്‍സിയുടെ പെറ്റ് പേരന്റ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. രക്തപരിശോധനയില്‍ അണലിയിനത്തില്‍പ്പെട്ട പാമ്പിന്റെ കടിയേറ്റിട്ടുണ്ടെന്ന് കണ്ടതിനാല്‍ ആന്റിവെനം കൊടുത്തു.

പിന്നാലെ രക്തപരിശോധനയില്‍ വൃക്കകള്‍ക്ക് സാരമായ തകരാറ് സംഭവിച്ചതായി കണ്ടെത്തി (രക്തത്തിലെ ക്രിയാറ്റിന്‍ അളവ് 3.6 ). രണ്ടു ദിവസം കൊണ്ട് രക്തത്തിലെ ക്രിയാറ്റിന്‍ അളവ് 9നു മുകളിലെത്തി. AKI (അക്യൂട്ട് കിഡ്‌നി ഇന്‍ജ്യൂറി ) എന്ന അവസ്ഥയാണ് ജാന്‍സിക്കെന്നു മനസ്സിലാക്കിയ ഉടന്‍ ഇതിനുള്ള പരിഹാരമാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്ന വിഷ്ണു കാക്കനാട് പെറ്റ് ട്രസ്റ്റ് വെറ്ററിനറി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ജാന്‍സിയെ എത്തിച്ചു. ഇവിടെ ഹീമോഡയാലിസിസ് യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

പെറ്റ് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡോ. ജോര്‍ജ് റിക്കു റോഷന്‍, ഡോ. ഗ്രീഷ്മ, ഡോ. നാദിര്‍ഷ, ഡോ. കിരണ്‍, ഡോ. പ്രസ്സി, ഡയാലിസിസ് ടെക്‌നിഷന്‍ അനില്‍, ബിജു, അജോ എന്നിവരടങ്ങിയ സംഘം ഡയാലിസിസിനും 10 ദിവസത്തോളം നീണ്ട തുടര്‍ചികിത്സയ്ക്കും നേതൃത്വം നല്‍കി.

ഇന്നലെ ക്രിയാറ്റിന്‍ അളവ് 1.3 എത്തിയതോടെ ജാന്‍സിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മരണം മുന്നില്‍ക്കണ്ട ജാന്‍സി അങ്ങനെ പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്കു മടങ്ങി.