കൊച്ചി: പ്രണയം എതിര്‍ത്തതിന്റെ പേരില്‍ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച കേസില്‍ പ്രതിയുടെ ആറു മാസം തടവ് ഒരു ദിവസമായി കുറച്ച് ഹൈക്കോടതി. 20 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഹൈക്കോടതിയുടെ വിധി. 2005ല്‍ നടന്ന സംഭവത്തില്‍ ശിക്ഷയൊഴിവാക്കണമെന്ന ആവശ്യവുമായാണ് പ്രതി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതിയുടെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ആറു മാസം ഒഴിവാക്കി ഒരു ദിവസത്തെ തടവിന് വിധിച്ചു.

യുവതിയുടെ അച്ഛന് ചെറിയ പരിക്കേ ഉണ്ടായിട്ടുള്ളൂവെന്നതടക്കം കണക്കിലെടുത്ത് ശിക്ഷ ആറുമാസം വെറുംതടവില്‍നിന്ന് ഒരുദിവസം തടവായിച്ചുരുക്കിയത്. പക്ഷേ, 2000 രൂപ പിഴ 50,000 ആയി വര്‍ധിപ്പിച്ചു. പിഴത്തുക യുവതിയുടെ പിതാവിന് നല്‍കാനും ഉത്തരവിട്ടു. ശിക്ഷയില്‍ ഇളവുനല്‍കുന്നതിനെ എതിര്‍ത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാല്‍, മകള്‍ ഇപ്പോള്‍ വിവാഹമൊക്കെ കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതടക്കം കോടതി കണക്കിലെടുത്തു.

കൊല്ലം സ്വദേശിയായിരുന്നു വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാനായി ഹൈക്കോടതിയിലെത്തിയത്. 2005 മേയ് 11-ന് രാത്രി 9.20-ന് ജോലികഴിഞ്ഞ് പോകുമ്പോള്‍ പിന്നില്‍നിന്ന് ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. ചുണ്ടിനാണ് മുറിവേറ്റത്. മകളുമായുള്ള ഹര്‍ജിക്കാരന്റെ സ്‌നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം. കേസില്‍ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി ആറുമാസം സാധാരണതടവിനാണ് ശിക്ഷിച്ചത്. ഇത് കൊല്ലം സെഷന്‍സ് കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്.

മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. ആക്രമണമല്ല, അപകടമായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബൈക്ക് മാരകായുധമല്ലെന്ന വാദവുമുന്നയിച്ചു. അപകടമല്ലെന്ന് സാക്ഷിമൊഴികളില്‍നിന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. ബൈക്കിടിക്കുന്നത് മരണത്തിനുവരെ കാരണമാകും. അതിനാല്‍ ബൈക്ക് മാരകായുധമല്ലെന്ന വാദവും തള്ളി.