കൊല്ലം: കീം വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കുട്ടികളെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കിയെന്നും ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൊല്ലത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ ഒന്നാം നമ്പര്‍ പ്രതിസംസ്ഥാനത്ത് സര്‍ക്കാര്‍ തന്നെയാണെന്നും കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ശാപം കിട്ടിയ സര്‍ക്കാരായി മാറിയിരിക്കുകയാണ് പിണറായി സര്‍ക്കാറെന്നും കെ.സി പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഒന്നാം പ്രതിയാണെന്നും പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുകയല്ല വേണ്ടതെന്നും വ്യക്തിപരമായ ഈഗോയുടെ പേരില്‍ എത്ര പേരുടെ ഭാവിയാണ് പന്താടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും നാലുദിവസം മാത്രമാണ് ഇനി മുന്നിലുള്ളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.