കൊണ്ടോട്ടി: കോളജ് വിദ്യാര്‍ഥിനിയുടെ മുഖം മോര്‍ഫ് ചെയ്തു നഗ്‌നദൃശ്യങ്ങളാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ യുവാക്കളാണ പോലിസ് പിടിയിലായത്. യുവാക്കള്‍ ചേര്‍ന്ന് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും വിദ്യാര്‍ഥിനിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങളും വിഡിയോയും അയച്ചു നല്‍കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശവുമായാണ് ചിത്രങ്ങള്‍ അയച്ചത്. പണം കൊടുത്തില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നിദാല്‍ (21), മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയറായിരുന്നു മുഹമ്മദ് തസ്രീഫ്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ സന്ദേശങ്ങള്‍ അയക്കുകയും വിഡിയോ ദൃശ്യം അയച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കാന്‍ പോവുകയാണെന്നു മനസിലാക്കി പിന്തുടര്‍ന്നു. സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.