മുംബൈ: മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ ശനിയാഴ്ചയാണ് സംഭവം. മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഉദ്ധവ് വിഭാഗം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും മുഖത്തടിച്ച ശേഷം മാപ്പ് പറയിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിരാര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള റോഡില്‍ വച്ച് ശിവസേനാ പ്രവര്‍ത്തകരാണ് ഓട്ടോഡ്രൈവറെ വളഞ്ഞത്. ഡ്രൈവര്‍ സ്വമേധയാ ഹിന്ദിയില്‍ ഖേദം അറിയിച്ചെങ്കിലും വിട്ടയച്ചില്ല. ശിവസേനാ പ്രവര്‍ത്തകര്‍ മുഖത്തടിക്കുകയും മറാഠി ഭാഷയോടും മഹാരാഷ്ട്രയോടും ഛത്രപതി ശിവാജിയോടും ഉദ്ധവ് താക്കറെയോടും മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ശിവസേനാ നേതാവ് മറാഠിയില്‍ പറയുന്ന കാര്യങ്ങള്‍ ഏറ്റുപറയിപ്പിക്കുകയായിരുന്നു. അതിനിടെ, ചുറ്റും കൂടിയവരും ഓട്ടോക്കാരന്റെ മുഖത്തടിച്ചു. അദ്ദേഹം പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

'മറാഠാ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ ശിവസേനയുടെ ശൈലിയില്‍ തന്നെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങള്‍ നിശ്ശബ്ദത പാലിക്കില്ല' ശിവസേന വിരാര്‍ ഘടകം അധ്യക്ഷന്‍ ഉദയ് ജാധവ് പറഞ്ഞു.