തിരുവനന്തപുരം: കാട്ടാക്കട പോക്‌സോ കോടതിയില്‍ രാത്രിയില്‍ തീപിടിത്തം. നാട്ടുകാരാണ് കോടതിയുടെ മൂന്നാം നിലിയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകള്‍ കത്തിനശിച്ചു. തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്ന മുറിയിലും തീ പടര്‍ന്നു.

തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കോടതി പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയില്‍ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് സമുച്ചയത്തിലെ ചില്ല് വാതില്‍ പൊളിച്ച് അകത്ത് കടന്ന് തീ കെടുത്തുക ആയിരുന്നു.

കോടതി മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്ന മുറിയില്‍ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്. അഗ്‌നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളില്‍ പടരുന്നത് തടയാന്‍ കഴിഞ്ഞു. ജഡ്ജി സി.രമേഷ്‌കുമാര്‍ വിവരമറിഞ്ഞ് രാത്രി സ്ഥലത്ത് എത്തി. ഇന്നു കൂടുതല്‍ പരിശോധനകള്‍ നടക്കും.