തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ നെയ്യാര്‍ഡാം സ്വദേശിനിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ തച്ചന്‍കോട് തടത്തരികത്തില്‍ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ത്രേസ്യ (60)യാണ് മരിച്ചത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് തിങ്കളാഴ്ച സമീപവാസികള്‍ മൃതദേഹം കണ്ടത്.

നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ ത്രേസ്യയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ ജൂലായ് ഒന്നു മുതല്‍ കാണാതായതായി നെയ്യാര്‍ഡാം പോലീസില്‍ പരാതി ലഭിച്ചിരുന്നു.

ത്രേസ്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. ഇവര്‍ വര്‍ക്കലയില്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.