ന്യൂഡല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ ദൗത്യങ്ങള്‍ക്ക് വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കരുതെന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്നലത്തെ ആയുധസംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ലെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന യുഎവി കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് തദ്ദേശീയവത്കരണത്തെ കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നമ്മള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും അനില്‍ ചൗഹാന്‍ പരാമര്‍ശിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചു. അവയില്‍ പലതും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തെയോ ജനവാസമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളോ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

പ്രതിരോധ ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ശ്രമിക്കണം. ഉയര്‍ന്നുവരുന്ന വ്യോമഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് കൈനറ്റിക്, നോണ്‍-കൈനറ്റിക് പ്രതിരോധ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു.