തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ സമവായത്തിലെത്താന്‍ സര്‍ക്കാരും ഗവര്‍ണറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കുടിക്കാഴ്ച. ഇരുവരും തമ്മിലുള്ള നാളത്തെ ചര്‍ച്ച നിര്‍ണായകമാണ്. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ട്.

അതേസമയം താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ യുജിസിയെ കക്ഷിചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഗവര്‍ണര്‍. താത്ക്കാലിക വിസി നിയമനത്തില്‍ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കുന്നതിന് അപ്പീലില്‍ ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രമം. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം. എന്നാല്‍ സര്‍വകലാശാലകളിലെ മറ്റ് വിഷയത്തില്‍ സര്‍ക്കാരുമായി ഒത്തു പോകാനാണ് ഗവര്‍ണറുടെയും തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈയെടുത്തുളള ചര്‍ച്ചകളിലാണ് സമവായം രൂപപ്പെട്ടത്.

മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയില്‍ സര്‍വകലാശാല ആസ്ഥാനത്ത് വിസി മോഹനന്‍ കുന്നുമ്മല്‍ എത്തിയിരുന്നു. വി. സിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തില്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും സര്‍വ്വകലാശാലയില്‍ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി മടങ്ങിപ്പോയിരുന്നു.

പ്രോ ചാന്‍സിലര്‍ എന്ന നിലയ്ക്ക് മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി എന്ന നിലയ്ക്ക് പി രാജീവും ഗവര്‍ണറെ നേരില്‍ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയതിനുശേഷം ആകും കൂടിക്കാഴ്ചയ്ക്ക് സാധ്യത.