പന്തളം: ജില്ലാ പോലീസ് ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി കഞ്ചാവുമായി പിടിയിലായി. ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച രണ്ടു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയപ്പോഴാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ജാര്‍ഖണ്ഡ് ടുംക റാണിശ്വര്‍ ടോണ്‍ഗ്ര മണികടിഹ് മസൂദന്‍ മറാണ്ടിയുടെ മകന്‍ സുരേഷ് മറാണ്ടി (18 )ആണ് അറസ്റ്റിലായത്. ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

മറ്റു ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ ബസ്സില്‍ വന്ന് പന്തളത്ത് ഇറങ്ങിയത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സില്‍ നിന്നാണ് പ്രതി പിടിയിലായത്. കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഡാന്‍സാഫ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം പന്തളം ടൗണില്‍ നിലയുറപ്പിച്ചിരുന്നു. 1.45 ന് എത്തിയ കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങിയ ചുവപ്പു നിറത്തിലുള്ള ഷര്‍ട്ടും ചാരകളര്‍ പാന്‍സും ധരിച്ച യുവാവിനെ കണ്ട പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്നു.

കറുത്ത ഷോള്‍ഡര്‍ ബാഗ് ഇടതുകൈയില്‍ പിടിച്ച് റോഡിന്റെ ഇടതുവശം ചേര്‍ന്ന് നടന്നുപോയ യുവാവ് പോലീസിനെ കണ്ട് പരുങ്ങി. തുടര്‍ന്ന് ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചു, ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കവറിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വിശദമായ ചോദ്യംചെയ്യലിനും മറ്റു നടപടികള്‍ക്കും ശേഷം രണ്ടിന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിച്ച് സ്റ്റേഷനിലെത്തിച്ചു. കഞ്ചാവ് എവിടെനിന്നുമാണ് എത്തിക്കുന്നത്, കൂട്ടാളികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

എസ് ഐ സി വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പന്തളം പോലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനും, വിലാസം പരിശോധിക്കാനും പോലീസ് നടപടികള്‍ കൈകൊണ്ടു.