കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് അപകടമുണ്ടായത്.

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും തുടര്‍ന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഫാത്തിമ വൈദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും വടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടന്‍തന്നെ കെഎസ്ഇബി അധികൃതരെത്തി മെയിന്‍ ലൈനിലെ വൈദ്യുതി വിഛേദിച്ചു ഫാത്തിമയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവ്: ബാവോട്ടി, മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ. സഹോദരങ്ങള്‍: ബഷീര്‍, നിസാര്‍, ഹംസ, മരുമക്കള്‍, നവാസ്, അന്‍സാര്‍, അഫ്സല്‍, ഹാഷിം

ശനിയാഴ്ച രാത്രി 12 മണിക്കാണ് തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19) മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡില്‍ കിടക്കുകയായിരുന്നു. കാറ്ററിങ് ജോലികഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്.