ന്യൂഡല്‍ഹി: അന്തരിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്റെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലെത്തും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്.

ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.