ന്യൂഡല്‍ഹി: രാജ്യസഭംഗമായി സത്യപ്രതിജ്ഞ ചെയ്ത കമല്‍ഹാസന് ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. ഒരു തെന്നിന്ത്യന്‍ താരവും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ (70) ഇന്ന് രാവിലെയാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ ലോകത്തിലേക്കുള്ള താങ്കളുടെ ചുവടുവെപ്പിന്റെ അടയാളമാണ് രാജ്യസഭാംഗത്വമെന്നും ആ ശബ്ദം എന്നെന്നേക്കുമായി സഭകളില്‍ പ്രതിധ്വനിക്കുന്നത് കാണട്ടെയെന്നുമാണ് ഗായികയും നടിയുമായ ശ്രുതി ഹാസന്‍ ആശംസിച്ചത്. എല്ലായ്പ്പോഴും താങ്കള്‍ സന്തോഷവാനായിരിക്കണമെന്നും ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ശ്രുതി ഹാസന്‍ കുറിപ്പ് അവസാനിക്കുന്നത്.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. രാവിലെ തമിഴില്‍ ആയിരുന്നു കമല്‍ഹാസന്‍ സത്യപ്രതിജ്ഞ ചെയ്തത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഡി.എം.കെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.

ജൂണ്‍ ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വി.സി.കെ. നേതാവ് തിരുമാവളവന്‍, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ ഹാസന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. കമലിന് പുറമെ മറ്റ് അഞ്ച് പേര്‍ കൂടി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.