കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വനിതാ ഡോക്ടറുടെ വായില്‍ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍(25) ആണ് അറസ്റ്റിലായത്. ഡോക്ടര്‍ ഇയാളില്‍ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു

ഇന്നലെ വൈകിട്ട് 6.45 ഓടെ പത്തനാപുരത്തെ ദന്തല്‍ ക്ലിനിക്കിലായിരുന്നു സംഭവം. ക്ലിനിക്കില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സല്‍ദാന്‍, ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വായില്‍ തുണി തിരികിയ ശേഷം കൈകള്‍ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാന്‍ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടര്‍ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.