തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ഈ ആഴ്ച മുട്ടവിഭവങ്ങളേറെ. മുട്ട അവിയല്‍, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പര്‍ എഗ് റോസ്റ്റ് എന്നിവയാണ് പട്ടികയില്‍. സ്‌കൂള്‍ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ മെനു വീണ്ടും പരിഷ്‌കരിച്ചപ്പോള്‍ വിഭവങ്ങള്‍ കൂട്ടിയെങ്കിലും ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക കൂട്ടിയിട്ടില്ല.

പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ മാര്‍ഗരേഖ. അതുനടപ്പാക്കി ഓണത്തിനുശേഷം സ്‌കൂളിലെ സ്ഥിതി വിലയിരുത്തി തുകയുടെ കാര്യം തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായവും ഉറപ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മെനു നടപ്പാക്കാന്‍ ഇപ്പോഴുള്ള ഉച്ചഭക്ഷണത്തുക പോരെന്നാണ് പ്രഥമാധ്യാപകരുടെ പരാതി. എന്നാല്‍, നിലവിലുള്ള ഫണ്ടിന്റെ പരിധിയില്‍ നിന്നുതന്നെ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് മെനുവിലുള്ളതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കി.

പുതിയ മെനു നോട്ടീസ് ബോര്‍ഡില്‍ പരസ്യമാക്കണം. കുട്ടികളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സ്‌കൂളില്‍ രുചിരജിസ്റ്റര്‍ സൂക്ഷിക്കണം. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീന്‍പീസ് വേണം. ചെറുധാന്യങ്ങള്‍ ആവിയില്‍ പുഴുങ്ങി നല്‍കണം. കേന്ദ്രനിര്‍ദേശം പാലിച്ച്, ശര്‍ക്കരയുടെ അളവ് ഗണ്യമായി കുറച്ചും പഞ്ചസാര നാമമാത്രമായി ചേര്‍ത്തും വിഭവങ്ങള്‍ തയ്യാറാക്കും.

ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഭവം. അതിനൊപ്പം വെജിറ്റബിള്‍ കറിയോ കുറുമയോ കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്തുള്ള ചമ്മന്തി. വെജിറ്റബിള്‍ മോളിയും മെനുവില്‍ ഇടംപിടിച്ചു.

പയറുവര്‍ഗങ്ങള്‍ക്കുപുറമേ, ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ വിഭവങ്ങള്‍. സാമ്പാര്‍, അവിയല്‍, പരിപ്പ് കറി, പൈനാപ്പിള്‍ പുളിശ്ശേരി, പനീര്‍, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്‌റൂട്ട്, വെള്ളരിക്ക തുടങ്ങിയവ തുടരും. പ്രത്യേക വിഭവങ്ങളായി റാഗി ബാള്‍സ്, റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത്, റാഗിയോ മറ്റു ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ.