കോട്ടയം: വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസ് ആണ് നോട്ടീസ് അയച്ചത്. ഇരുവരും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാവും തലയലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്ന് പണം നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കേസ്.

നിവിന്‍ പോളി നായകനായ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിന്റെ സഹനിര്‍മാതാവാണ് പരാതി നല്‍കിയത്. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ ഷംനാസിന് 95 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ ഷൂട്ടിംഗിനായി 1 കോടി 90 ലക്ഷം രൂപ ഷംനാസില്‍ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിനിമയാണെന്നു മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേഴ്‌സ് ബാനറില്‍ സിനിമയുടെ ഓവര്‍സീസ് അവകാശം നേടി.

2024 ഏപ്രില്‍ മാസത്തിലാണ് സിനിമ നിര്‍മാണത്തിനായി ഷംനാസില്‍ നിന്നും ഇവര്‍ പണം വാങ്ങുന്നത്. സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി. സിനിമയുടെ റൈറ്റ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേഴ്‌സ് 5 കോടിയുടെ ഓവര്‍സീസ് വിതരണാവകാശം ഉറപ്പിച്ചു. രണ്ട് കോടി മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ നിലവിലുള്ള മധ്യസ്ഥ നടപടികള്‍ മറച്ചുവെച്ചും വസ്തുതകള്‍ വളച്ചൊടിച്ചുമാണ് കേസെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിന്‍ പോളി പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലുള്ള ആര്‍ബിട്രേഷന്‍ കേസാണിത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വസ്തുതകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയ കേസ് നല്‍കിയിരിക്കുന്നത്. ഉചിതമായ നിയമനടപടികള്‍ തുടരുമെന്നും സത്യം വിജയിക്കുമെന്നുമാണ് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.