കൊല്ലം: തേവലക്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. തേവലക്കരയില്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് വീഴ്ച തുറന്ന് സമ്മതിക്കുന്നത്. സുരക്ഷാ ഭീഷണിയുളള രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട് തുറന്നു സമ്മതിക്കുന്നു. അനുമതിയില്ലാതെ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡ് പൊളിച്ച് നീക്കുകയായിരുന്നു ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അനധികൃത നിര്‍മാണം ക്രമവല്‍ക്കരിക്കണമെന്ന നിര്‍ദേശം അവഗണിച്ച സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.

എങ്ങും തൊടാതെയുളള ആദ്യ റിപ്പോര്‍ട്ട് മന്ത്രി എം.ബി.രാജേഷ് തളളിയതോടെയാണ് വീഴ്ച സമ്മതിച്ച് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന് തന്നെയാണ് സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചത്. ഷെഡിന്റെ മേല്‍ക്കൂരക്ക് 88സെന്റീമീറ്റര്‍ മുകളിലൂടെയാണ് ലോ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. സ്ഥല പരിശോധന നടത്തിയപ്പോള്‍ ദൂരപരിധി പാലിക്കാതെ ലൈന്‍ കടന്നുപോകുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി.

അനധികൃതമായി നിര്‍മ്മിച്ച സൈക്കിള്‍ ഷെഡ് ക്രമവല്‍ക്കരിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് നിര്‍ദ്ദേശിക്കുന്നതിന് പകരം ഷെഡ് അടിയന്തിരമായി പൊളിച്ച് നീക്കാന്‍നടപടി സ്വീകരിക്കുകയായിരുന്നു ഉചിതമെന്നും ചീഫ് എഞ്ചിനീയറുടെ റിപോര്‍ട്ടില്‍ പറയുന്നു. 27 കൊല്ലം പഴക്കമുളള കെട്ടിടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് കെട്ടിട നിര്‍മ്മാണചട്ട പ്രകാരം പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല.സൈക്കിള്‍ ഷെഡിന് കെഎസ്ഇബിയില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല.അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊതു കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിന് തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയര്‍ക്ക് പുറമേ സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി,പി.ടിഎ പ്രതിനിധി ഹെഡ്മാസ്റ്റര്‍, സ്ഥലപരിധിയിലെ കെഎസ്ഇബി പ്രതിനിധിഎന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുണ്ട്.