തിരുവനന്തപുരം: വിവിധ മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളില്‍ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകള്‍ സജ്ജമാക്കുന്നു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും ഹൈടെക് ഹബ്ബുകള്‍ ഉയരുക. പരമ്പരാഗത ശൈലികളില്‍ നിന്ന് മാറി ചിന്തിച്ച് വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്നോസിറ്റി ക്യാമ്പസിനു സമീപമുള്ള രണ്ടേക്കറിലാണ് ആദ്യ ഫ്രീഡം സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്‌ക്വയറിന്റേയും അടിസ്ഥാന ചെലവ് ഏകദേശം 4 കോടി രൂപയാണ്. പ്രവര്‍ത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വരൂപിക്കാനാണ് ശ്രമം. അതാത് ജില്ലകളിലുളള ആര്‍ക്കിടെക്‌ചേര്‍സ്, വിദ്യാര്‍ത്ഥികള്‍, ഡിസൈനേഴ്സ്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഒരുമിപ്പിച്ച് ഫ്രീഡം സ്‌ക്വയറുകള്‍ രൂപകല്‍പ്പന ചെയ്യും.

തിങ്കര്‍ ലാബുകള്‍, മേക്കര്‍ സ്‌പേസുകള്‍, എക്സ്പിരിമെന്റ് സ്റ്റേഷനുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സാധ്യതകള്‍ക്കൊപ്പം മെന്ററിങ്ങിനും പിച്ചിങ്ങിനുമുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കും. സംയുക്ത ഗവേഷണങ്ങള്‍, ഹാക്കത്തോണുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍ഡസ്ട്രി പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള സംവിധാനങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബാരിയര്‍ ഫ്രീയാക്കും.

പഠനത്തിനും സംരംഭകത്വത്തിനും പുതിയ കൈവഴികളൊരുക്കി വിദ്യാര്‍ത്ഥികളെ സാമൂഹിക മാറ്റത്തിനായി പ്രാപ്തമാക്കാനായി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭമാകും സംസ്ഥാനത്തെ ഫ്രീഡം സ്‌ക്വയറുകള്‍. യുവത്വത്തിന്റെ സാധ്യതകള്‍ സംസ്ഥാനത്തിനു തന്നെ പ്രയോജനപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുന്നതിനോടൊപ്പം സമാന ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് ഒത്തുചേരുന്നതിനുമുളള ഇടംകൂടിയാകും. വിദ്യാര്‍ത്ഥികള്‍ക്കും യുവസംരംഭകര്‍ക്കുമായി ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാനും സഹകരിക്കാനും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള സാധ്യതകളുടെ വാതില്‍ തുറക്കുകയാണ് ഈ ഹൈടെക് ഹബ്ബുകള്‍.