തിരുവനന്തപുരം: യുവാവിന്റെ മൂത്രസഞ്ചയില്‍ കുടുങ്ങിയ ഇലക്ട്രിക് വയര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് ഇലക്ട്രിക് വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.

ആശുപത്രിയിലെത്തുമ്പോള്‍ വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. യുവാവ് ഇതു ചെയ്തതിന്റെ കാരണം അജ്ഞാതമാണെന്ന് അധികൃതര്‍ അറിയിച്ചു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി ആര്‍ സാജു, അസി. പ്രൊഫസര്‍ ഡോ. സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനില്‍ ജോണ്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ദേവിക, ഡോ. ശില്പ, അനസ്‌തേഷ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.