തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തിനായി ആത്മാര്‍ഥമായി ഇടപെടുന്നത് ബിജെപിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ശ്രമം തുടരുകയാണെന്ന് മന്ത്രി പ്രതികരിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സമര്‍പ്പിച്ചതില്‍ വീഴ്ചയുണ്ടായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ജാമ്യാപേക്ഷ നല്‍കിയത്. അതുകൊണ്ടാണ് ഹര്‍ജി തള്ളിയതെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നുംമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഡില്‍നിന്നുള്ള എംപിയെ ഒപ്പം കാണുന്നില്ല. ബുധനാഴ്ച കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വച്ചപ്പോള്‍ ഛത്തീസ്ഗഡില്‍നിന്നുള്ള എംപി പ്രതികരിച്ചില്ല. ഛത്തീസ്ഗഡില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തും. ഇക്കാര്യം ഏതെങ്കിലും വിധത്തില്‍ ബിജെപിക്ക് തിരിച്ചടിയായി എന്നിപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.