- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പത്തനംതിട്ട ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് പുറത്താക്കി
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പത്തനംതിട്ട ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് പുറത്താക്കി
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇരട്ട സഹോദരങ്ങളില്‍ ഒരാളെ ആറുമാസത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കി. ചെന്നീര്‍ക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടില്‍ കണ്ണന്‍ എന്ന മായാസെന്‍ (34) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം( കാപ്പ ) വകുപ്പ് 15(1) അനുസരിച്ചാണ് നടപടി. ഇയാളുടെ ഇരട്ട സഹോദരന്‍ വിഷ്ണു എന്ന ശേഷാസെന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാണ്. ഇരുവരും ചേര്‍ന്നും മറ്റു പ്രതികള്‍ക്കൊപ്പവുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടുവരുന്നതാണ്.
ഡിഐജിയുടെ ഉത്തരവ് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. ജില്ലാ പോലീസ് മേധാവിയുടെ ജൂണ്‍ 13 ലെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവുണ്ടായത്. മായസെന്‍ 2019 മുതല്‍ പ്രതിയായ ഇലവുംതിട്ട സ്റ്റേഷനിലെ മൂന്നുകേസുകളാണ് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത്. ഈ കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണയില്‍ ആണുള്ളത്. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് എടുത്ത കേസുകളാണിവ. അറിയപ്പെടുന്ന റൗഡിയായ പ്രതി, നിരന്തരം നിയമലംഘന പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടു വരികയാണ്.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വസ്തുവകകള്‍ക്ക് നാശം ഉണ്ടാക്കല്‍, കുറ്റകരമായ നരഹത്യാശ്രമം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തിനു നിരന്തരം ഭീഷണിയും, സൈ്വരജീവിതത്തിന് തടസവും സൃഷ്ടിച്ചു വരികയാണ് ഇയാള്‍. 2010 മുതല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുണ്ട്. അന്നുമുതല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ആറു ക്രിമിനല്‍ കേസുകളിലും, ചിറ്റാര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ ഓരോ കേസുകളിലും എക്സൈസ് വകുപ്പ് എടുത്ത ഒരു കഞ്ചാവ് കേസിലും പ്രതിയായി.
സ്ഥിരമായി കുറ്റകൃത്യങ്ങള്‍ ചെയ്തുവന്ന പ്രതിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടി 2022 ഒക്ടോബറില്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം 2023 ജനുവരി 4 ന് കരുതല്‍ തടങ്കല്‍ ഉത്തരവാവുകയും ആറിന് നടപ്പിലാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി ഇലവുംതിട്ട പോലീസ് ഈ വര്‍ഷം മാര്‍ച്ച് 31 ന് അടൂര്‍ എസ്ഡിഎം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതും ഇത് കോടതിയില്‍ പരിഗണനയിലുമാണ്. 2019 മുതല്‍ ഇയാള്‍ക്കെതിരെ ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. ഡി ഐ ജിയുടെ ഉത്തരവ് ഇന്ന് ഇയാള്‍ കൈപ്പറ്റി.
ഉത്തരവ് നിലനില്‍ക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വകുപ്പ് 15(4) അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. കോടതികാര്യങ്ങളിലും , അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിലും ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയോടെ പങ്കെടുക്കാം. പുറത്താക്കിയ കാലയളവിലെ താമസസ്ഥലവും വിലാസവും പോലീസിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.