കൊച്ചി: മലയാള നിരൂപണത്തിലെ സൗമ്യജ്വാല പ്രഫ. എം.കെ. സാനുവിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം.

കഴിഞ്ഞ 25 ന് വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തില്‍നിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യം.

മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്.

അസാധാരണമായ ഉള്‍ക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയില്‍ അദ്ദേഹം പ്രാഗല്‍ഭ്യം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫസര്‍ സാനു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ മലയാളികളില്‍ ആഴത്തില്‍ ഇറങ്ങുന്ന വിധത്തില്‍ മികച്ച രചനകള്‍ നടത്താന്‍ എംകെ സാനുവിന് സാധിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന സാനു മാഷ് എഴുതിയ ജീവചരിത്ര പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകങ്ങളില്‍ ഒന്നാണ്. പികെ ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിന്റെ അവശതകള്‍ അദ്ദേഹം തന്റെ എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നാള്‍വഴികളിലും ഒരിക്കലും കാണിച്ചിരുന്നില്ല.